മലബാര്‍ കലാപവും കേളപ്പനും
■ കോൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും
★ ഖിലാഫത്ത് എന്ന ഉർദുവാക്കിന് ഖലീഫയുടെ സ്ഥാനം അഥവാ ഖലീഫയുടെ പദവി എന്നർത്ഥമാണ് . ഇസ്ലാം മതവിശ്വാസമനുസരിച്ച് ദൈവത്തിന്റെ പ്രതിപുരുഷനായ ഭരണാധികാരിയാണ് ഖലീഫ . തുർക്കിയിലെ രാജാവാണ് ഖലീഫ . ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി , തുർക്കി , ഓസ്ട്രിയ , ബൾഗേറിയ എന്നീ രാജ്യങ്ങൾ ഒരുവശത്തും , ബ്രിട്ടനും ബ്രിട്ടന്റെ കീഴാജ്യങ്ങളും , ഫ്രാൻസ് , റഷ്യ , അമേരിക്ക , ജപ്പാൻ , ബൽജിയം എന്നീ വൻരാജ്യങ്ങൾ മറുവശത്തുമായിരുന്നു. യുദ്ധത്തിൽ ജർമ്മനി തോറ്റു .
★ യുദ്ധം ആരംഭിച്ചപ്പോൾ ബ്രിട്ടൻ ഇന്ത്യയിലെ മുസ്ലീങ്ങളുടെ സഹായം കിട്ടുന്നതിനുവേണ്ടി ഖലീഫയുടെ അവകാശങ്ങൾ ഒന്നും കവർന്നെടുക്കുകയില്ലെന്നു പറഞ്ഞിരുന്നു . പക്ഷേ , യുദ്ധം കഴിഞ്ഞ് ബ്രിട്ടന്റെ മട്ടുമാറി . യുദ്ധത്തിൽ തകർന്നടിഞ്ഞ തുർക്കിയിലെ സുൽത്താന് പ്രത്യേകപദവികളൊന്നും നൽകാൻ ബ്രിട്ടൻ തയ്യാറായില്ല .
★ ഈ വാഗ്ദാന ലംഘനത്തിനെതിരെ ഇന്ത്യയിലെ മുസ്ലീങ്ങൾ പ്രതിഷേധിച്ചു . അതൊരു നിസ്സഹകരണ പ്രസ്ഥാനമായി മാറി . കോൺഗ്രസ്സിന്റെ അനിഷേധ്യനേതാവായ ഗാന്ധിജിയും ഖിലാഫത്ത് പ്രസ്ഥാനത്തോട് യോജിച്ചു . താമസിയാതെ അവരുടെ വേദിയിൽ നിന്ന് ഗാന്ധിജി ഗവണ്മെന്റിനെതിരെ നിസ്സഹകരണം പ്രഖ്യാപിച്ചു . ഹിന്ദു - മുസ്ലീം മൈത്രി ഊട്ടിവളർത്തുകയെന്ന തന്റെ ലക്ഷ്യം നേടാൻ ഈ സഹകരണം കളമൊരുക്കുമെന്ന് ഗാന്ധിജിക്ക് വിചാരിച്ചു .
★ 1919 നവംബറിൽ ഖിലാഫത്ത് സമ്മേളനത്തിന്റെ അദ്ധ്യക്ഷനായി ഗാന്ധിജി തിരഞ്ഞടുക്കപ്പെട്ടു .
★ 1910 - ലാണ് മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപംകൊള്ളുന്നത് . സി . കുഞ്ഞിരാമ മേനോനായിരുന്നു സെക്രട്ടറി . കെ.പി. കേശവമേനോനും കോൺഗ്രസ്സിലേക്കുവന്നു .
★ 1916 - ൽ കോൺഗ്രസ്സിന്റെ ഒന്നാം രാഷ്ട്രീയസമ്മേളനം പാലക്കാട്ടു നടന്നു . ഡോ . ആനി ബസന്റായിരുന്നു അദ്ധ്യക്ഷ .
★ 1917 - ൽ രണ്ടാം സമ്മേളനം കോഴിക്കോട്ടു നടന്നു .
★ 1920 - ഓടുകൂടിയാണ് കോൺഗ്രസ്സിന് സാധാരണക്കാരുടെ ഇടയിൽ ശരിയായ വേരോട്ടമുണ്ടായത് . ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി മഹാത്മാഗാന്ധിയും ഷൗക്കത്തലിയും കോഴിക്കോട്ടു വന്നു . ഖിലാഫത്ത് പ്രസ്ഥാനം മലബാറിലെ മുസ്ലീങ്ങളിൽ വമ്പിച്ച സ്വാധീനം ചെലുത്തി . കോൺഗ്രസ്സും ഖിലാഫത്തുകമ്മിറ്റിയും യോജിച്ചുള്ള പ്രവർത്തനം നടത്തിയതിനാൽ മലബാറിൽ കോൺഗ്രസ്സിന് സാമാന്യമായ ജനസ്വാധീനം നേടാൻ കഴിഞ്ഞു . അതിന്റെ തെളിവാണ് 1920 ആഗസ്ത് 18 - ന് കോഴിക്കോട്ടു വണ്ടിയിറങ്ങിയപ്പോൾ ഖാൻ ബഹദൂർ മുത്തുക്കോയ തങ്ങൾ ഗാന്ധിജിയെ ഹാരമണിയിച്ചു സ്വീകരിച്ചത് . വമ്പിച്ച ഘോഷയാത്രയുടെ അകമ്പടിയോടെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വസതിയിലേക്ക് ഗാന്ധിജിയെ കൊണ്ടുപോയത് . കെ . മാധവൻ നായർ , കേളപ്പൻ , രാമുണ്ണിമേനോൻ എന്നീ നേതാക്കന്മാർ അതിൽ പങ്കെടുത്തു . കടപ്പുറത്തു ചേർന്ന വമ്പിച്ച പൊതു യോഗത്തിൽ ഗാന്ധിജി പ്രസംഗിച്ചു . മാധവൻ നായരാണ് പ്രസംഗം തർജ്ജമചെയ്തത് . യോഗത്തിൽ ഖിലാഫത്ത് ഫണ്ടിലേക്ക് ഒരു സംഭാവന ഗാന്ധിജിയുടെ കൈവശം കൊടുത്തു .
■കേളപ്പനും ഖിലാഫത്തുപ്രവർത്തനവും
★ കോൺഗ്രസ് - ഖിലാഫത്തുകമ്മിറ്റികൾ നാട്ടിലെങ്ങും രൂപംകൊള്ളാൻ തുടങ്ങി . പൊന്നാനി താലൂക്കിൽ ഓരോ പ്രദേശത്തും കമ്മിറ്റി രൂപീകരിച്ച് ഹിന്ദു മുസ്ലീം മൈത്രി വളർത്തുന്നതിനുള്ള ശ്രമത്തിൽ കേളപ്പൻ മുഴുകി .
★ പൊന്നാനിയിലെ തന്റെ സുഹൃത്തുക്കളായ കെ.വി രാമൻ മേനോനും അദ്ദേഹത്തിന്റെ അമ്മാവനായ കെ.വി. ബാലകൃഷ്ണമേനോനും കേളപ്പന് താങ്ങും തണലുമായി . അവരോടൊപ്പമാണ് കേളപ്പൻ താമസിച്ചത് . കേളപ്പന്റെയും സുഹൃത്തുക്കളുടെയും വിശ്രമമില്ലാത്ത പ്രവർത്തനംമൂലം സാധാരണക്കാർ കോൺഗ്രസ്സിലേക്ക് ആകർഷിക്കപ്പെട്ടു .
★ ഈ വളർച്ച പോലീസിനെ അസ്വസ്ഥമാക്കി . കേളപ്പൻ രാഷ്ട്രീയവിശദീകരണയോഗം ഏർപ്പാടാക്കുന്ന ദിക്കിലെല്ലാം പോലീസ് 144 -ാം വകുപ്പനുസരിച്ച് നിരോധനാജ്ഞ പുറപ്പെടുവിച്ചുപോന്നു .
★ മാറാഞ്ചേരിയിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തിയ കേളപ്പനെയും ബാലകൃഷ്ണമേനോനെയും പോലീസ് അറസ്റ്റ് ചെയ്ത് പൊന്നാനി പോലീസ് ലോക്കപ്പിലാക്കി . മജിസ്ട്രേട്ട് അവർക്ക് ഒരു മാസത്തെ തടവോ 50 രുപാ പിഴയോ ശിക്ഷ വിധിച്ചു . പണം അടയ്ക്കാത്തതിനാൽ തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു . കണ്ണൂർ സെൻട്രൽ ജയിലിലാണ് അവരെ പാർപ്പിച്ചത് . ജയിൽമോചിതനായ കേളപ്പന് വീരോചിതമായ സ്വീകരണം നൽകി .
★ കോൺഗ്രസ്സിന്റെ അഖില കേരളാടിസ്ഥാനത്തിലുള്ള സമ്മേളനം 1921 ഏപ്രിലിൽ ഒറ്റപ്പാലത്തു നടന്നു . കേളപ്പൻ സമ്മേളനത്തിൽ പങ്കെടുത്തത് അനേകം സഹപ്രവർത്തകരോടുകൂടിയാണ് . ഖിലാഫത്ത് കോൺഗ്രസ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളെയും ഹിന്ദു മുസ്ലീം മൈത്രിയെയും ബ്രിട്ടിഷ് ഭരണത്തിനെതിരായ പ്രവർത്തനമായി ഭരണാധികാരികൾ വ്യാഖ്യാനിച്ചു . നാട്ടിൽ ലഹളയുണ്ടാക്കാനാണ് കോൺഗ്രസ്സും മുസ്ലീം നേതാക്കളും ശ്രമിക്കുന്നതെന്ന പ്രചാരണം അഴിച്ചുവിട്ടു . ഖിലാഫത്തുപ്രസ്ഥാനത്തിന് എതിരുനിൽക്കുന്ന കുറച്ചു മതവിശ്വാസികളെ സംഘടിപ്പിക്കാനും അധികാരികൾക്കു കഴിഞ്ഞു .
★ ഇസ്ലാം മതദ്വേഷികളെ നേരിടുന്നതിന് , ഇസ്ലാം മതവിശ്വാസികൾ നയിക്കുന്ന ഒരു പ്രസ്ഥാനമാണ് ഖിലാഫത്ത് എന്ന് സാധാരണ മുസ്ലീങ്ങളിൽ വലിയൊരു വിഭാഗം കരുതുകയും ചെയ്തു . ഇസ്ലാമിനെതിരായ നീക്കങ്ങളെ ചെറുക്കണമെന്ന ഒരു വികാരം പതുക്കെപ്പതുക്കെ തിളച്ചുമറിയാൻ തുടങ്ങി . ആ വികാരത്തെ ആളിക്കത്തിക്കാനും മുസ്ലീങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാനും പോലീസിന്റെ ഭാഗത്തുനിന്നും നല്ല ശ്രമമുണ്ടായി.
★ 1921 - ൽ ഏറനാട്ടിൽ ഒരു മാപ്പിള വളണ്ടിയർ കോർ രൂപീകരിച്ച് പരിശീലനം നൽകാൻ തുടങ്ങിയിരുന്നു വിമുക്തഭടന്മാരായിരുന്നു അതിൽ അധികം പേരും . കാക്കിയുടുപ്പണിഞ്ഞ് വളണ്ടിയർമാർ പട്ടാളച്ചിട്ടയിൽത്തന്നെയാണ് മാർച്ചുചെയ്തിരുന്നത് , ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പട്ടാളത്തോടൊപ്പം യുദ്ധം ചെയ്ത് വിജയലഹരിയോടെ വന്ന സൈനികരും വളണ്ടിയർമാരിലുണ്ടായിരുന്നു . മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്രാപിക്കുന്ന കാലമായിരുന്നു അത് . പരിശീലനം സിദ്ധിച്ച വളണ്ടിയർമാർ ഖിലാഫത്ത് കമ്മിറ്റികളിൽ കയറിക്കൂടുകയും പോലീസുമായി ചിലയിടങ്ങളിൽ ഏറ്റുമുട്ടൽ നടക്കുകയും ഊഹാപോഹങ്ങളും നുണക്കഥകളും കൊണ്ട് മലബാറിലെ ജനങ്ങൾ , വിശേഷിച്ച് മുസ്ലീങ്ങൾ , ഒരു സംഘട്ടനമനോഭാവവുമായി കഴിഞ്ഞുകൂടുകയായിരുന്നു . കാരണമൊന്നുമില്ലെങ്കിലും പോലീസ് മുസ്ലീം മതപണ്ഡിതന്മാരെയും പ്രമാണിമാരെയും പ്രകോപിപ്പിച്ചുകൊണ്ടിരുന്നു .
★ മലബാർ ലഹള , മാപ്പിള ലഹള , ഏറനാട് കർഷക കലാപം എന്നെല്ലാം പേരിൽ അറിയപ്പെടുന്ന ബഹുജനപ്രക്ഷോഭം ഒരു വലിയ വർഗ്ഗീയലഹളയായി അതിവേഗം ആളിപ്പടർന്നു .
★ തിരൂരങ്ങാടി , പൂക്കോട്ടൂർ മുതലായ സ്ഥലങ്ങൾ യുദ്ധക്കളമായി മാറി . പട്ടാളക്കാരും ലഹളക്കാരും തമ്മിൽ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടി . ലഹളക്കാരിൽ ഒട്ടും കുറയാത്ത ക്രൂരതയോടുകൂടിയാണ് പട്ടാളക്കാരും ജനങ്ങളോടു പെരുമാറിയത് . സ്ത്രീകളേയും കുട്ടികളേയും വെട്ടിക്കൊന്നു . പുരകൾ ചുട്ടുകരിച്ചു , നാടെങ്ങും കൊള്ളയടിച്ചു . പട്ടാളക്കാർ വരുന്നതറിഞ്ഞ് പരക്കം പാഞ്ഞ ആളുകളെ കാട്ടുമൃഗങ്ങളെയെന്നപോലെ വെടിവെച്ചു വീഴ്ത്തി . അപരാധിയും നിരപരാധിയും ചെറുപ്പക്കാരും വൃദ്ധന്മാരും സ്ത്രീകളും പുരുഷന്മാരും ഒന്നുപോലെ പ്രാണരക്ഷയ്ക്കുവേണ്ടി വീടും കുടിലും വിട്ട് കാട്ടിലും മലയിലും കയറി എത്രയോ ദിവസങ്ങൾ കഴിച്ചുകൂട്ടി .
★ “ അക്കാലത്ത് ലോകരെ മുഴുവൻ സ്തബ്ദരാക്കിയ മറ്റൊരു സംഭവമുണ്ടായി . 1921 നവംബർ മാസം 10 - ന് ലഹളക്കാരായ 90 തടവുകാരെ തിരുരിൽ നിന്ന് ഒരു വാഗണിൽ കയറ്റി കോയമ്പത്തൂർക്ക് കൊണ്ടുപോയിരുന്നു . വായുവിനും വെളിച്ചത്തിനും പ്രവേശനമില്ലാത്തവിധം ഭദ്രമായി അടച്ചുപൂട്ടിയ ഒരിരുമ്പുപെട്ടിയായിരുന്നു അത് . പട്ടാളക്കാർ തോക്കിന്മേൽ കുന്തവുമായി തടവുകാരെ അതിനുള്ളിൽ തള്ളിക്കയറ്റി . വണ്ടി തിരൂർ വിട്ടു . ഉഷ്ണവും ദാഹവും സഹിക്കവയ്യാതെ അതിനുള്ളിൽ കിടന്നെരിപൊരിസഞ്ചാരം കൊണ്ട് ആ നിർഭാഗ്യവാന്മാരുടെ നിലവിളി വഴിനീളെ കേട്ടിരുന്നു . അതു ക്രമേണ ശമിച്ച് എല്ലാം ശാന്തമായി . അർദ്ധരാത്രിയിൽ വണ്ടി പോത്തന്നൂരിലെത്തി . വാഗൺ തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ കണ്ട കാഴ്ച ഭയാനകമായിരുന്നു ! ചത്തവരും ചാകാത്തവരും ഇട കലർന്ന് , വിയർപ്പിലും മൂത്രത്തിലും മലത്തിലും കിടന്നു പിടയുന്ന തൊണ്ണൂറു മനുഷ്യക്കോലങ്ങളുടെ ദാരുണമായ കാഴ്ചയാണ് അതിനുള്ളിൽ കണ്ടത് . ആ വാഗണിലെ അറുപത്തിനാലുപേർ മരിച്ചിരുന്നു . ബാക്കിയുള്ളവരും ചത്തതിനൊക്കുമായിരുന്നു . " -
■ ലഹളക്കാർ ഖജനാവു കയ്യേറിയും കണ്ടുൻപിൽ കണ്ടവരെയെല്ലാം വെട്ടിവീഴ്ത്തിയും വീടുകൾക്കു തീവെച്ചും പാലങ്ങൾ തകർത്തും മുന്നോട്ടു നീങ്ങി പൊന്നാനിയിലേക്ക് കടക്കാൻ തീരുമാനിച്ചു .
★ കോഴിക്കോട്ടായിരുന്ന കേളപ്പൻ വിവരമറിഞ്ഞ് പൊന്നാനിക്കു കുതിച്ചു . ലഹളക്കാരെ പൊന്നാനിയിലേക്കു കടക്കാതെ തടയുക , പൊന്നാനിയിലെ ജനങ്ങളെ ലഹളക്കാരുടെ ആയുധങ്ങളിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു കേളപ്പന്റെ ലക്ഷ്യം . ബാലകൃഷ്ണമേനോനെയും രാമൻ മേനോനെയും സഹായത്തിനു വിളിച്ചു . ലഹളക്കാരെ അടിച്ചമർത്താൻ പട്ടാളക്കാർ മാർച്ചു ചെയ്തു പോകുന്നത് കാണാൻ കഴിഞ്ഞു . അവരുടെ കണ്ണിൽപ്പെടാതെ കേളപ്പനും സഹായികളും പൊന്നാനി ഖിലാഫത്ത് ഓഫീസിലെത്തി . ഓഫീസിലുണ്ടായിരുന്നവർ , ഏതെല്ലാം ഓഫീസുകളാണു തല്ലിത്തകർക്കേണ്ടതെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു . കേളപ്പൻ അവരുടെയിടയിൽ പ്രവേശിച്ച് അവരെ ലഹളയിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചു . പട്ടാളക്കാരുടെ തോക്കിനുമുന്നിൽ ചാടിവീണ് ജീവൻ കളയരുതെന്ന് പറഞ്ഞ കേളപ്പനെ ചെറുപ്പക്കാരൊഴികെ മറ്റുള്ളവർ അനുസരിച്ചു .
★ ഈ സമയം പൊന്നാനി സബ് ഇൻസ്പെക്ടർ കുഞ്ഞിരാമൻനായർ കേളപ്പനെ കാണാൻ ഓടിയെത്തി . കേളപ്പൻ വിചാരിച്ചാലേ ലഹളക്കാരെ തടയാൻ കഴിയുകയുള്ളൂ എന്ന് ഇൻസ്പെക്ടർ പറഞ്ഞു . കഴിയുന്നതു ചെയ്യാമെന്ന് കേളപ്പൻ ഉറപ്പു നൽകി . ലഹളക്കാർ വരുന്ന വഴിയിൽ നിന്ന് പോലീസ് മാറിനിൽക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു .
★ മലവെള്ളംപോലെ കൺമുമ്പിൽ കണ്ടതെല്ലാം തല്ലിത്തകർത്ത് നീങ്ങിക്കൊണ്ടിരുന്ന ലഹളക്കാരുടെ മുമ്പിൽ കേളപ്പനും സുഹൃത്തുക്കളും കെ കോർത്തുപിടിച്ച് നിരായുധരായി നിന്നു . അക്രമാസക്തരായ ജനക്കൂട്ടത്തോടായി കേളപ്പൻ തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളിച്ചുപറഞ്ഞു
: “ സഹോദരന്മാരേ , നിങ്ങൾ ശാന്തരായി മടങ്ങിപ്പോകണം . നിങ്ങൾ അക്രമമാർഗ്ഗം ഉപേക്ഷിക്കുവിൻ , ഞങ്ങൾ നിങ്ങളുടെ ശത്രുക്കളല്ല ബന്ധുക്കളാണ് . നേതൃത്വമില്ലാത്ത ആ ജനക്കൂട്ടം ആ വാക്കുകൾ ശ്രവിച്ചില്ല , മുമ്പോട്ടു നീങ്ങുകയും ചെയ്തു . അവരുടെ കൈവശം തോക്കുകൾ , വാളുകൾ , കുന്തം മുതലായ ആയുധങ്ങളുമുണ്ട് .
★ ഒടുവിൽ കേളപ്പൻ ചെയ്തത് അതിസാഹസികമായ ഒരു കർമ്മമാണ് . കെ.വി. ബാലകൃഷ്ണമേനോന്റെ തോളത്തു കയറിയിരുന്ന് " ' ലഹളക്കാരോടഭ്യർത്ഥിച്ചു ; “ പൊന്നാനിയെ കുരുതിക്കളമാക്കരുത് , മടങ്ങിപ്പോകുവിൻ . ” കേളപ്പന്റെ അഭ്യർത്ഥനയ്ക്ക് ഒരു ആജ്ഞയുടെ ശക്തിയുണ്ടായിരുന്നു .
“ ഞങ്ങളുടെ ശവത്തിൽ ചവിട്ടി മാത്രമേ നിങ്ങൾക്കു പോകാനാകൂ . ”
കേളപ്പന്‍ റോഡിനു കുറുകെ കിടന്നു . മനുഷ്യമനസ്സിൽ ചിലനേരങ്ങളിൽ കണ്ടാമൃഗങ്ങളെപ്പോലുള്ള ജന്തുക്കൾ കയറിക്കൂടുമെങ്കിലും ചിലപ്പോൾ ചെറിയൊരു മാറ്റം ഇവിടെയും സംഭവിച്ചു . ലഹളക്കാർ നന്നേ ക്ഷീണിതരായിരുന്നു . അതിനാൽ സ്വഗൃഹങ്ങളിലേക്കു മടങ്ങിപ്പോകാൻ അവരാഗ്രഹിച്ചു . ഭാഗ്യവശാൽ പൊന്നാനിയിൽ നല്ല സ്വാധീനമുള്ള
ഇമ്പിച്ചിക്കോയ തങ്ങൾ അവിടെയെത്തുകയും വിശപ്പും ദാഹവും മൂലം ക്ഷീണിതരായ അവരെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു . ലഹളക്കാർ സാവധാനം പിരിഞ്ഞു പോയി .
★ പിറ്റേദിവസം നൂറുകണക്കിനു പട്ടാളക്കാരാണ് പൊന്നാനിയിൽ വന്നത് . കേളപ്പനെയും ബാലകൃഷ്ണമേനോനെയും രാമൻ മേനോനെയും അറസ്റ്റുചെയ്ത ലോക്കപ്പിലാക്കി . അവർ ചെയ്ത കുറ്റം ജനങ്ങളെ ലഹളയ്ക്ക് പ്രേരിപ്പിച്ചു എന്നതായിരുന്നു . കേളപ്പനെയും ബാലകൃഷ്ണമേനോനെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയത് തോർത്തുമുണ്ടുകൊണ്ട് കൈകൾ കൂട്ടിക്കെട്ടിയാണ് . രണ്ടുദിവസം പൊന്നാനി ലോക്കപ്പിൽ കഴിയേണ്ടിവന്നു . മൂന്നാം ദിവസം തിരൂർ ജയിലിലേക്ക് കൊണ്ടുപോയി . കഷ്ടിച്ച് അഞ്ചുപേർക്ക് കഴിഞ്ഞുകൂടാവുന്ന ജയിൽ മുറിയിൽ അമ്പതോളം പേരെ അടച്ചു പൂട്ടുക യായിരുന്നു . ഇരിക്കാൻ കഴിയാതെ നിൽക്കാൻ മാത്രം കഴിയുന്ന ഒരു മുറി . മലമൂത്രവിസർജ്ജനത്തിന് രണ്ടു ചട്ടികൾ മാത്രമാണ് വെച്ചിരുന്നത് . വൃത്തി ഹീനവും ദുർഗ്ഗന്ധപൂരിതവുമായ ജയിൽമുറി .
★ പതിമ്മൂന്നു ദിവസം തിരൂർ ജയിലിൽ കഴിഞ്ഞശേഷം കേളപ്പനെയും രാമൻമേനോനെയും ബാലകൃഷ്ണമേനോനെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി . പതിനൊന്നു മാസക്കാലം കണ്ണൂർ ജയിലിൽ കേളപ്പനു കിടക്കേണ്ടിവന്നു . വിചാരണ നടത്തിയില്ല . കേസു തെളിയിക്കാൻ കഴിഞ്ഞുമില്ല . അതിനാൽ നിരുപാധികം കേളപ്പനെയും മറ്റും വിട്ടയച്ചു . കണ്ണൂർ സെൻട്രൽ ജയിൽ ജീവിതകാലത്ത് കേളപ്പനെ സംബന്ധിച്ച് ഹൃദയഭേദകമായ ഒരു സംഭവമുണ്ടായി . പൊന്നാനിയിൽ തന്റെ ഉറ്റസുഹൃത്തും വലംകൈയുമായിരുന്ന ബാലകൃഷ്ണമേനോന് ജയിൽ ജീവിതകാലത്ത് ടൈഫോയ്ഡ് പിടിപെട്ടു . മതിയായ ചികിത്സ കിട്ടാതെ ആസന്നമരണനായ അദ്ദേഹത്തെ ബന്ധുക്കളുടെ അപേക്ഷപ്രകാരം ജയിലിൽ നിന്നുവിട്ടെങ്കിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ ജീവനും പൊലിഞ്ഞുപോയി . എം.ബി. ബി.എസ്സിനു പഠിച്ചുകൊണ്ടിരുന്നപ്പോൾ മാതൃരാജ്യത്തിന്റെ വിളികേട്ട് കോൺഗ്രസ് പ്രവർത്തനത്തിൽ മുഴുകിയ ത്യാഗധനനാണ് ബാലകൃഷ്ണമേനോൻ . ആ ആത്മസുഹൃത്തിന്റെ മരണം കേളപ്പന്റെ മനസ്സിനെ തളർത്തിക്കളഞ്ഞു . ഈ സംഭവം നടന്നുകഴിഞ്ഞ് നാലഞ്ചുമാസം കഴിഞ്ഞപ്പോൾ താങ്ങാ നാവാത്ത മറ്റൊരു ദുഃഖം - പിതാവിന്റെ മരണവാർത്ത - കേളപ്പനെ തേടി എത്തി...
■ മുഖ്യ റഫറന്‍സ് പുസ്തകം ,കടപ്പാട്
'' കേളപ്പന്‍ എന്ന കര്‍മ്മയോഗി ''
കെ.എന്‍.എസ് നായര്‍
page no 36 to 42
ജീവചരിത്രം.
National Book Stall
ISBN 978-93-87866-25-6
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
✍️®️മഹേഷ് ഭാവന✍️
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)
എന്‍റെ മറ്റു ലേഖനങ്ങള്‍ വായിക്കാന്‍
https://t.me/MaheshB4
https://m.facebook.com/story.php?story_fbid=479442135965633&id=100016995513586
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆